International
ടെൽഅവീവ്: ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല. ആ ദുരന്തദിനങ്ങൾ... ഹമാസ് തീവ്രവാദികളെക്കുറിച്ചു കേട്ടറിവ് മാത്രമേ ആ ദിനം വരെ എനിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അവരുടെ യഥാർഥ രീതികൾ നേരിട്ടറിഞ്ഞ ദിനങ്ങൾ എന്റെ ജീവിതത്തിൽനിന്ന് ഇനി അടർത്തി മാറ്റാൻ കഴിയുമെന്നു തോന്നുന്നില്ല. ആ മുറിപ്പാടുകളുമായി ഞാൻ ഇനിയുള്ള കാലം ജീവിക്കും. നിങ്ങൾക്ക് എന്നെ സുഖപ്പെടുത്താൻ കഴിയില്ല. സുഖപ്പെടുത്താൻ കഴിയുന്ന മുറിവുകളല്ല അവർ എന്റെ മനസിലും ശരീരത്തിലും എല്പിച്ചത്...
ഈ പറയുന്നത് 2023 ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ച ദിനം ഭീകരരുടെ കൈകളിൽ അകപ്പെട്ട റോമി ഗോണൻ എന്ന 24 വയസുകാരിയാണ്. ഒറ്റപ്പെടലിന്റെയും ലൈംഗിക അതിക്രമങ്ങളുടെയും ദിനങ്ങളാണ് തന്നെ കാത്ത് ഗാസയിൽ ഉണ്ടായിരുന്നതെന്ന് റോമി പറയുന്നു.
471 ദിവസങ്ങൾ ഹമാസ് തടങ്കലിൽ ബന്ദിയായി നേരിട്ട കൊടുംക്രൂരതകളെക്കുറിച്ച് ആദ്യമായൊരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു സംസാരിക്കുകയായിരുന്നു റോമി ഗോണൻ. അവരുടെ വാക്കുകളിലേക്ക്...
ഗാസയിലെ ജീവിതം തടവിന്റെയും ലൈംഗിക അതിക്രമത്തിന്റെയും അതിജീവനത്തിന്റെയുമായിരുന്നെന്നു റോമി ഗോണൻ ചാനൽ 12 ഉവ്ദയ്ക്കു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. നോവ സംഗീത പരിപാടിയിൽനിന്നാണ് റോമിയെ അവർ ബന്ദിയായി പിടിച്ചത്. ഒന്നും സംഭവിച്ചില്ലെന്നു കരുതാനായിരുന്നു ഇഷ്ടം. പക്ഷേ, യാഥാർഥ്യം അതായിരുന്നില്ല. എന്നാൽ, ഞാൻ അനുഭവിച്ചത്രയും പലർക്കും അനുഭവിക്കേണ്ടി വന്നില്ല എന്നത് ആശ്വാസവുമാണ്.
ഇത് എന്നെ പിന്തുടരും...
ഇത് എന്റെ ജീവിതകാലം മുഴുവൻ എന്നെ പിന്തുടരും. ഒക്ടോബർ ഏഴിലെ കൂട്ടക്കൊലയ്ക്കു ശേഷം, എന്നെ അവിടേക്ക് എത്തിച്ചപ്പോൾ തനിച്ചായിരുന്നു, ഞാൻ ഒറ്റയ്ക്ക് ആ തുരങ്കത്തിലേക്ക് ഇറങ്ങി. 24 മണിക്കൂർ കടുത്ത നിശബ്ദതയിൽ ഞാൻ അവിടെ കഴിഞ്ഞു.
എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു എനിക്കു മനസിലായില്ല. എനിക്ക് ഇനി എന്തു സംഭവിക്കുമെന്നതും അറിയില്ല. വല്ലാത്തൊരു ഭീതി എന്നെ പൊതിഞ്ഞിരുന്നു. ഒറ്റയ്ക്കാണ് എന്ന ചിന്ത എന്നെ കൂടുതൽ തളർത്തി. ആ നിമിഷങ്ങളെ മറകടക്കാൻ എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു.
നീ ശക്തയാണെന്നു ഞാൻ എന്നോടു തന്നെ പറഞ്ഞു. വീണ്ടും വീണ്ടും പറഞ്ഞു. പക്ഷേ, അത്തരമൊരു സാഹചര്യത്തിൽ അത് എന്നെത്തന്നെ വിശ്വസിപ്പിക്കാൻ എനിക്കു കഴിയുമായിരുന്നില്ല. ദുരിതങ്ങളുടെ ദിനങ്ങൾ എനിക്ക് അരികിലുണ്ടെന്ന ഭീതി എന്ന പൊതിഞ്ഞു നിൽക്കുകയായിരുന്നു. ആ പേടി വെറുതെയല്ലെന്നു വൈകാതെ എനിക്കു മനസിലായി.
പെൺ വേട്ടക്കാർ
എന്നെ തേടി അവർ തുരങ്കത്തിലേക്കു വന്നു. മൂന്നു പേരായിരുന്നു വേട്ടക്കാർ. അവർക്ക് ആവശ്യമുള്ളപ്പോഴൊക്കെ അവർ എന്റെ അടുത്തേക്ക് എത്തി. എന്റെ അനുവാദത്തിനു കാത്തുനിൽക്കാതെ എന്നെ ആക്രമിച്ചു കീഴ്പ്പെടുത്തി. വീണ്ടും വീണ്ടും ഇതു സംഭവിക്കുമെന്ന് എന്റെ മനസ് എന്നോടു പറഞ്ഞുകൊണ്ടിരുന്നു. നീ ശക്തയാണെന്ന് പിന്നെ എങ്ങനെ എനിക്ക് എന്നോടുതന്നെ പറയാൻ കഴിയും.
വൈകാതെ മറ്റു ചില പെൺകുട്ടികളെയും അവർ തുരങ്കത്തിലേക്ക് എത്തിച്ചു. ഞാൻ അവരെ പരിചയപ്പെട്ടു. ഐഡിഎഫ് നിരീക്ഷകരായ അഗം ബെർഗറും ലിറി ആൽബാഗും ആയിരുന്നു എനിക്കു പിന്നാലെ അവിടേക്ക് ഹമാസ് ഭീകരർ എത്തിച്ച യുവതികൾ.
എനിക്ക് ചെറിയൊരു ആശ്വാസം തോന്നി. ഇനി ഞാൻ ഒറ്റയ്ക്കല്ലല്ലോ. പക്ഷേ, പരസ്പരം സംസാരിച്ചു തുടങ്ങിയപ്പോൾ ഞങ്ങളുടെ സ്ഥിതി ഒട്ടും ആശാവഹമല്ല എന്നെനിക്കു തോന്നി. തികച്ചും ഭയാനകമായ സാഹചര്യം. എങ്ങനെ കരകയറാനാകും- ഇത്രയും പറഞ്ഞിട്ട് റോമി കാമറയ്ക്കു മുന്നിൽ കരച്ചിൽ അടക്കാനാവാതെ വിതുമ്പി.
കുട്ടികളും അവർക്കൊപ്പം
പതിനഞ്ച് വയസുള്ള ഡാഫ്നയും എട്ടു വയസുള്ള എല എല്യാക്കിമും വൈകാതെ അവിടേക്ക് എത്തി. അവർ സഹോദരിമാരായിരുന്നു. ദിവസങ്ങൾ കടന്നുപോകുന്നത് പലപ്പോഴും ഞങ്ങൾ അറിഞ്ഞിരുന്നില്ല.
വൈകാതെ ചെൻ അൽമോഗ്-ഗോൾഡ്സ്റ്റൈൻ ദന്പതികളെ ബന്ദികളാക്കി കൊണ്ടുവന്നു. ഒപ്പം പതിനേഴും പതിനൊന്നും ഒൻപതും വയസുള്ള അവരുടെ മക്കളും ഒപ്പമുണ്ടായിരുന്നു. പിന്നീട് സംഗീതമേളയിൽനിന്നു തട്ടിയെടുക്കപ്പെട്ട മിയ സ്കെം, ഐഡിഎഫ് നിരീക്ഷക നാമ ലെവി എന്നിവരെയും കൊണ്ടുവന്നു. നാൽപതാം ദിവസമാണ് എമിലി ഡമാരി അവിടേക്ക് ബന്ദിയായി എത്തിയത്.
ഭീതി പരത്തുന്ന തുരങ്കങ്ങളിലേക്കു കൊണ്ടുപോകുന്നതിനു മുമ്പ് ഭൂമിക്കു മുകളിലുള്ള ചില അപ്പാർട്ട്മെന്റുകളിൽ ഒരു മാസത്തിലേറെ എന്നെ അവർ താമസിപ്പിച്ചിരുന്നു. ഇടയ്ക്കു കമാൻഡർമാരിൽ ഒരാൾ തുരങ്കത്തിൽ എന്റെ അടുത്തുവന്ന് രണ്ടു പെൺകുട്ടികൾകൂടി ഇവിടേക്കു വരുമെന്നു പറഞ്ഞു.
ഒറ്റപ്പെടലിന്റെ കടുത്ത വേദനയിലായിരുന്ന ഞാൻ അവരെ എത്രയും വേഗം ഇവിടേക്ക് എത്തിക്കാൻ അഭ്യർഥിച്ചു. ഹിജാബ് ധരിച്ചാണ് ബെർഗർ തുരങ്കത്തിലേക്കു വന്നത്. അവളും എന്നെപ്പോലെ ഒറ്റപ്പെട്ട് എവിടെയോ കഴിയുകയായിരുന്നെന്ന് തോന്നി. അടുത്തുവന്നു കിടക്കയിൽ ഇരുന്നു. മാസങ്ങൾക്കു ശേഷമായിരുന്നു സ്നേഹമുള്ള ഒരു മനുഷ്യജീവിയെ എനിക്ക് അടുത്തു ലഭിക്കുന്നത്. എന്നെ ഒന്നു ചേർത്തുപിടിക്കാമോ എന്നു ഞാൻ ചോദിച്ചു. എനിക്ക് അതു വലിയൊരു ആശ്വാസമായിരുന്നു.
തുരങ്കത്തിൽ വന്നതിനു ശേഷം ലൈംഗിക ആക്രമണത്തിന് അല്ലാതെ എനിക്ക് അടുത്തേക്ക് ഒരു മനുഷ്യസമ്പർക്കം എത്തിയിരുന്നില്ല. ബെർഗർ എന്ന ചേർത്തുപിടിച്ച് ആലിംഗനം ചെയ്തു. തൊട്ടുപിന്നാലെ ലിറിയും തുരങ്കത്തിലേക്കു വന്നു. അവളും ആലിംഗനത്തിൽ പങ്കുചേർന്നു. ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു.
എല്യാക്കിം സഹോദരിമാർ വന്നപ്പോൾ, അവരും ഇതുവരെ എവിടെയോ ഒറ്റയ്ക്കായിരുന്നെന്നു മനസിലായി. ഒറ്റയ്ക്കു കഴിയേണ്ടിവന്ന ആ കുട്ടികളുടെ അവസ്ഥ എന്നെ തകർത്തുകളഞ്ഞു. തുരങ്കത്തിലേക്ക് എത്തിയ ദമാരിയുമായി വളരെ അടുപ്പമായിരുന്നു. ഞാൻ കൂടെയില്ലായിരുന്നെങ്കിൽ ഇതിനകം മരിച്ചുപോയേനെയെന്ന് ദമാരി പറഞ്ഞു. എന്നെ കണ്ടപ്പോൾത്തന്നെ ഞാൻ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നു ദാമാരിക്കു മനസിലായിരുന്നു.
NRI
ലണ്ടൻ: സ്കോട്ലൻഡിലെ കെയർഹോമിൽവച്ച് സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി മെയിൽ നഴ്സിന് ഏഴു വർഷവും ഒന്‍പതു മാസവും തടവുശിക്ഷ വിധിച്ച് ഗ്ലാസ്കോ കോടതി. നൈജിൽ പോളിനെ (47)യാണു ശിക്ഷിച്ചത്. ജയിൽമോചിതനായശേഷം രണ്ടു വർഷത്തെ നിരീക്ഷണവും ശിക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.
ഏഴു വർഷം മുമ്പ് നോർത്ത് ലനാർക് ഷയറിലെ കെയർഹോമിലായിരുന്നു സംഭവം. നൈജിൽ ഇവിടെ മാനേജരായിരുന്നു. ജോലിയിലെ ഹാജർ കുറവ് ചൂണ്ടിക്കാട്ടി ഇയാൾ 26 വയസുള്ള സഹപ്രവർത്തകയെ ഓഫീസ് മുറിയിൽ പൂട്ടി ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തത്. മറ്റു രണ്ട് യുവതികളോടും ഇയാൾ പലതവണ മോശമായി പെരുമാറിയതായി കോടതിയിൽ തെളിവുകൾ ലഭിച്ചിരുന്നു.
2018ൽ ഇയാൾക്കെതിരേ കുറ്റം ചുമത്തി. 2019 ഡിസംബറിൽ വിചാരണ തുടങ്ങുംമുന്പ് നൈജിൽ കൊച്ചിയിലേക്കു കടന്നു. രോഗിയായ പിതാവിനെ പരിചരിക്കാനെന്ന പേരിലായിരുന്നു നാട്ടിലേക്കു മുങ്ങിയത്. ആറു വർഷത്തിനുശേഷം നൈജിലിനെ ബ്രിട്ടനിലെത്തിച്ച് വിചാരണ പൂർത്തിയാക്കിയാണ് ജയിലിലടച്ചത്.
ബ്രിട്ടീഷ് പൗരത്വമുള്ളയാളാണ് നൈജിൽ പോൾ. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്റര്‍പോള്‍ നിർദേശപ്രകാരം കൊച്ചിയിൽവച്ച് നൈജിലിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഡൽഹി കോടതിയിൽ ഹാജരാക്കി.
ജൂൺ ഒമ്പതിനാണ് നൈജിലിനെ തിരികെ ബ്രിട്ടനിൽ എത്തിക്കാൻ ബ്രിട്ടൻ ഡൽഹി കോടതിയിലൂടെ അനുമതി വാങ്ങിയത്. തുടർന്ന് ഇയാളെ ഗ്ലാസ്കോ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേര്‍ അറസ്റ്റിൽ. ബംഗളൂരുവിൽ രാഹുലിനെ ഒളിവിൽ കഴിയാൻ സഹായിച്ച ജോസ്, റെക്സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിയിലെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തിൽ നിന്ന് ബംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചത് ഇവരാണെന്ന് പോലീസ് അറിയിച്ചു. രക്ഷപ്പെടാൻ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പോലീസ് പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
മലയാളിയായ ജോസ് വർഷങ്ങളായി ബംഗളൂരുവിലാണ് താമസം. രാഹുലിനെ ഒളിവിൽ പോകാനായി കർണാടകയിൽ എല്ലാ സഹായവും ചെയ്തത് ജോസായിരുന്നു.
അതേസമയം ലൈംഗിക പീഡനകേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘം ബംഗളൂരുവിലേക്ക് തിരിച്ചിരുന്നു. ഇതിനിടെയാണ് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേരെ പോലീസ് പിടികൂടുന്നത്.
രാഹുലിനെതിരായ രണ്ടാം കേസിലെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ് പോലീസ്. രണ്ടാം കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യേപക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
Kerala
കൊച്ചി: പീഡനക്കേസിൽ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിനു പിന്നാലെ മൊബൈൽ ഫോൺ ഓണാക്കി രാഹുൽ മാങ്കൂട്ടത്തിൽ. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് ഹൈക്കോടതി തടഞ്ഞത്.
അതേസമയം രണ്ടാമത്തെ കേസിൽ അറസ്റ്റിന് സാധ്യതയുള്ളതിനാൽ രാഹുൽ മാങ്കൂട്ടം ഒളിവിൽ തുടർന്നേക്കും. രണ്ടാം കേസിലും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അപേക്ഷ നൽകിയിരുന്നു.
ആദ്യകേസിലാണ് രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി വിലക്കിയത്. രാഹുലിന്റെ ഹര്‍ജി പരിഗണിച്ചാണ് നടപടി. ഡിസംബര്‍ 15 ന് ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കും. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പോലീസിനോടും കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു.
കേസ് ഡയറി ഹാജരാക്കണമെന്നും നിർദേശിച്ചു. ആദ്യകേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. രേഖാമൂലം പരാതി ലഭിച്ചതോടെ കർശന നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ട്. ഇപ്പോൾ സ്ഥിതി കുറച്ചുകൂടി മോശമായി. രേഖാമൂലം പരാതി വന്നു. കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് എന്നിവരുമായി സംസാരിച്ചു. നടപടി വേഗത്തിൽ ഉണ്ടാകണമെന്നാണ് അഭ്യർഥനയെന്നും സുധീരൻ പറഞ്ഞു.
ശബരിമല കൊള്ളയിൽ സിപിഎം നേതാക്കൾ അറസ്റ്റിലായിട്ടും ഇതുവരെ തള്ളി പറയാൻ സിപിഎം തയാറായിട്ടില്ല. രാഹുലിന്റെ വിഷയത്തിൽ പരാതിക്ക് മുന്നേ തന്നെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. സാങ്കേതികത്വം നോക്കാതെ കർശനമായ നടപടി സ്വീകരിക്കാൻ ഇനി പാർട്ടി തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
Kerala
പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ കേരളം വിട്ടതായി സൂചന. പാലക്കാട് എംഎൽഎ ഓഫീസിലും അടൂരിലെ വീട്ടിലും രാഹുൽ മാങ്കൂട്ടത്തിൽ എത്തിയിട്ടില്ല.
വ്യാഴാഴ്ച വൈകുന്നേരം മുതൽ രാഹുലിനെ കാണാനില്ലായിരുന്നു. രാഹുലിന്റെ മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്. അതിജീവിത മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി നൽകിയതിനു പിന്നാലെ രാഹുൽ മുങ്ങിയത്.
രാഹുലിന്റെ സഹായികളുടെ ഫോണുകളും സ്വിച്ച് ഓഫാണ്. കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. അതിജീവിതയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലിയമല പോലീസാണ് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. പിന്നീട് നേമം പോലീസിനു കേസ് കൈമാറി.
ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് യുവതി പരാതി നൽകിയതിനെ തുടർന്നാണ് കേസ്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് ഉടൻ കടക്കും.
Kerala
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുൾപ്പടെ നാല് പേർക്കെതിരെ ലൈംഗീകാതിക്രമം. സംഭവത്തിൽ ജീവനക്കാർക്കെതിരെ തൃക്കാക്കര പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം.
ആസാം സ്വദേശിനിയായ 14കാരിയാണ് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി. സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരൻ, ഡ്രൈവർ ,ഗേറ്റ് കീപ്പർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഇവിടെ നിന്ന് ഒരു പെൺകുട്ടിയെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയപ്പോഴാണ് വിവരം പുറത്തുവന്നത്. പെൺകുട്ടിയ്ക്കുണ്ടായ അണുബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്. കൂടുതൽ ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്.
Kerala
ആലപ്പുഴ: ചെങ്ങന്നൂരിൽ കൗമാരക്കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വെൺമണി ഏറം മുറിയിൽ കല്ലിടാംകുഴിയിൽ തുണ്ടിൽ അച്ചു (19) ആണ് അറസ്റ്റിലായത്.
വെൺമണി സ്വദേശിനിയായ 14 വയസുകാരിയെ ആണ് അച്ചു ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി പ്രായപൂർത്തി ആയാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന് പറഞ്ഞിരുന്നു.
തുടർന്ന പെൺകുട്ടി താമസിക്കുന്ന വീട്ടിലെത്തി ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. മകളെ പീഡിപ്പിക്കുന്നത് തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മാതാപിതാക്കളെ അച്ചു ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു.